-->



404

We Are Sorry, Page Not Found

Apologies, but the page you requested could not be found.

Home Page

Oru Nimisham



- പണിതീരാത്ത വീടിനുമുന്നില്‍ കരളുലഞ്ഞ് മനുവിന്റെ അച്ഛന്‍ -

തൊമ്മന്‍കുത്ത് (തൊടുപുഴ): രണ്ടുവര്‍ഷമായിട്ടും പണിതീരാത്ത വീടിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് രാജഗോപാലപിള്ള. സ്ത്രീകളെ ട്രെയിനില്‍ ശല്യംചെയ്യുന്നത് തടഞ്ഞതിന് അന്യസംസ്ഥാന തൊഴിലാളികള്‍ തള്ളിയിട്ട തൊമ്മന്‍കുത്ത് തെക്കനാല്‍ മനു(28)വിന്റെ അച്ഛന് കരച്ചില്‍ അടക്കാന്‍ കഴിയുന്നില്ല. ചതഞ്ഞരഞ്ഞതിനാല്‍ മനുവിന്റെ ഇരു കൈയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മുറിച്ചുമാറ്റിയിരുന്നു. മനുവിന്റെ അമ്മ ഇന്ദിരയും മറ്റു ബന്ധുക്കളുമെല്ലാം വിവരമറിഞ്ഞ് തൃശ്ശൂര്‍ക്ക് പോയെങ്കിലും രാജഗോപാലപിള്ള മാത്രം പോയില്ല. കൈലിത്തലപ്പുകൊണ്ട് കണ്ണീരൊപ്പി അദ്ദേഹം പറഞ്ഞു. 'എനിക്കത് കാണാന്‍ വയ്യ'.

ഇവരുടെ മൂന്ന് ആണ്‍മക്കളില്‍ മൂത്തയാളാണ് മനു. രണ്ടാമന്‍ രാജ്‌മോഹന്‍ തൃശ്ശൂര്‍ പോലീസ് ക്യാമ്പില്‍ ട്രെയിനിങ്ങിലാണ്. ഇളയയാള്‍ സനു ചെന്നൈയില്‍ ഒരു കമ്പനിയില്‍. വണ്ണപ്പുറത്തുള്ള ലിവം ഡെക്കറേഷന്‍സ് ആന്‍ഡ് ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനാണ് മനു. കല്യാണത്തിനും മറ്റും പന്തല്‍ ഒരുക്കുകയാണ് പ്രധാന ജോലി. കേബിള്‍ പണികളുമുണ്ട്. ഡ്രൈവിങ് ഉള്‍പ്പെടെ എന്തുജോലിയും ചെയ്യുന്നയാളായിരുന്നു മനുവെന്ന് അച്ഛന്‍ പറയുന്നു. ഇരു കൈപ്പത്തിയും നഷ്ടപ്പെട്ട അവന്‍ ഇനി എന്തുജോലി ചെയ്യുമെന്ന് അദ്ദേഹം ചോദിക്കുന്നു.

കാളിയാര്‍ സ്റ്റേഷനില്‍നിന്ന് പോലീസുകാര്‍ വന്ന് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം തൃശ്ശൂരേക്ക് പുറപ്പെട്ടു. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നയാളായിരുന്നു മനു. അനീതി കണ്ടാല്‍ പ്രതികരിക്കും. ഇടയ്ക്കിടെ മൂകാംബികയിലും രാമേശ്വരത്തുമൊക്കെ തൊഴാന്‍ പോകും. മൂകാംബികയിലേക്ക് പോകുമ്പോഴാണ് മനു ട്രെയിനില്‍വച്ച് ആക്രമിക്കപ്പെട്ടതും പൈങ്കുളം ലെവല്‍ക്രോസിന് സമീപം വീണുകിടന്നതും.

മനുവിനും അനുജന്‍ രജ്‌മോഹനും കൂടി ഒരുമിച്ച് കല്യാണം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. വീട്ടുകാര്‍ പോയി പെണ്ണിനെ കണ്ടു. പോയിക്കാണാന്‍ മനുവിനെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

രണ്ടുവര്‍ഷം മുമ്പാണ് മനു മുന്‍കൈയെടുത്ത് വീടുപണി തുടങ്ങിയത്. പണമില്ലാത്തതിനാല്‍ പണി നീണ്ടുപോയി. തേപ്പുപണികള്‍ തുടങ്ങാനിരിക്കെയാണ് മനു ആക്രമണത്തിനിരയായിരിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ് പോളിടെക്‌നിക്കില്‍ പോയെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നില്ല. ഒരേക്കര്‍ സ്ഥലത്തുള്ള റബ്ബറാണ് കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. കുറച്ചുദിവസമായി ലാന്‍ഡ്‌ഫോണ്‍ കേടായതിനാല്‍ തൃശ്ശൂര്‍ക്ക് പോയവരില്‍നിന്നുള്ള വിവരങ്ങളൊന്നും രാജഗോപാലപിള്ളയ്ക്ക് കിട്ടുന്നില്ല. ആരുടെയും നമ്പര്‍ ഇദ്ദേഹത്തിന് കാണാതറിയുകയുമില്ല. കൂട്ടുകാരുടെ ഫോണില്‍ ബെല്ലടിക്കുമ്പോള്‍ കണ്ണീര്‍ തുടച്ച് അദ്ദേഹം കാതോര്‍ക്കും. പിന്നെ വഴിയിലേക്ക് കണ്ണുംനട്ട് ഒരേനില്‍പ്പ്.
Google+ Linked In Pin It
All Rights Reserved by Kuruvady © 2015 - 2016